കൊച്ചി (Kochi) : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം കേരളത്തിലും തമിഴ്നാട്ടിലുമായി 17 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. (The Enforcement Directorate (ED) has raided 17 places in Kerala and Tamil Nadu, including the homes of Mammootty, Dulquer Salmaan and Prithviraj, in connection with the Bhutan vehicle smuggling case.) ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന് നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചാക്കലക്കൽ തുടങ്ങിയ സിനിമാ താരങ്ങളുടെയും മറ്റ് ചില വാഹന ഉടമകളുടെയും ഓട്ടോ വർക്ക്ഷോപ്പുകളുടെയും വ്യാപാരികളുടെയും എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലുമായി 17 സ്ഥലങ്ങളിലാണ് പരിശോധന.
ലാൻഡ് ക്രൂയിസർ, ഡിഫെൻഡർ, മസെരാട്ടി തുടങ്ങിയ ആഡംബര കാറുകൾ ഇന്ത്യ-ഭൂട്ടാൻ, നേപ്പാൾ വഴികളിലൂടെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇ ഡി അധികൃതർ പറഞ്ഞു.
കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഒരു സംഘം ഇന്ത്യൻ ആർമി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തട്ടിപ്പിലൂടെയുള്ള ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചാണ് വാഹനങ്ങൾ കടത്തിയത്. ഈ വാഹനങ്ങൾ പിന്നീട് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നരായ വ്യക്തികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുകയായിരുന്നു.