പാലക്കാട് (Palakkad) : ഡോക്ടര്‍മാരുടെ ചികിത്സാ പിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരി കൈ കാണാനില്ലെന്ന് പറഞ്ഞ് കരയുമ്പോള്‍ അവളുടെ വേദനയ്ക്കും ആകുലതകള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുകയാണ് അമ്മ പ്രസീത. (When a 9-year-old girl, who lost her hand due to medical errors, cries out that her hand is missing, her mother, Praseetha, is unable to answer her pain and worries.) പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെന്ന 9 വയസുകാരിയുടെ ചോദ്യത്തിന് ഇനി ആരാണ് ഉത്തരം നല്‍കുക?
നിര്‍മാണത്തൊഴിലാളിയും പല്ലശ്ശന ഒഴിവുപാറ സ്വദേശിയുമായ ആര്‍ വിനോദിന്റെയും പ്രസീതയുടെയും മകളാണ് വിനോദിനി. ഒഴിവുപാറ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ വിനോദിനി ഇന്നലെയാണു തന്റെ വലതു കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അമ്മയോട് കയ്യിലൂടെ രക്തം വരുന്നുണ്ടെന്നും കൈ മുറിച്ചു മാറ്റിയല്ലേയെന്നും കണ്ണീരോടെ ചോദിക്കുന്നത്.
സെപ്റ്റംബര്‍ 24നു വൈകിട്ടാണു സഹോദരന്‍ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ പരിശോധിച്ച ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷം അന്നു രാത്രി തന്നെ ഡിസ്ചാര്‍ജ് നല്‍കുകയും ചെയ്തു. പിന്നീടാണ് സ്ഥിതി മാറിയത്.
വേദന സഹിക്കാന്‍ കഴിയാതെ കുട്ടി കരഞ്ഞപ്പോള്‍ എല്ല് പൊട്ടിയതാണല്ലോ വേദനയുണ്ടാകുമെന്നായിരുന്നു മറുപടി. എന്നാല്‍ വേദന കൂടി വരുകയും കുട്ടി അവശ നിലയിലാവുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അപ്പോഴേയ്ക്കും കൈയിലെ രക്തയോട്ടം കുറഞ്ഞിരുന്നു. ദുര്‍ഗന്ധമുള്ള പഴുപ്പ് വരാന്‍ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് അയച്ചത്.
പഴുപ്പ് വ്യാപിച്ചതിനാല്‍ കൈ മുറിച്ച് മാറ്റേണ്ടി വന്നെന്നാണ് കുട്ടിയുട ബന്ധുക്കള്‍ പറയുന്നത്. ജില്ലാ ആശുപത്രിയില്‍ വിനോദിനിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ പിഴവിനെത്തുടര്‍ന്നാണ് കുട്ടിയുടെ കൈ നഷ്ടപ്പെട്ടതെന്നും ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ട് വിനോദിയുടെ മുത്തശ്ശി ഓമന വാസു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.