ചേലക്കര (Chelakkara) : ചേലക്കര കൂട്ട ആത്മഹത്യയില്‍ അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരനും മരിച്ചു. (A five-year-old boy who was undergoing treatment also died after his mother and sister died in the Chelakkara mass suicide.) മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെയും ഷൈലജയുടെയും മകന്‍ അക്ഷയ് ആണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയ് ഇന്ന് രാവിലെയാണ് മരിച്ചത്.
പ്രദീപിന്റെ മരണത്തെ തുടര്‍ന്നാണ് ഷൈലജ രണ്ട് മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്. വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍ത്താവ് പ്രദീപ് (സുന്ദരന്‍-42) സെപ്റ്റംബര്‍ രണ്ടിനാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതിന്റെ ഇരുപതാംനാള്‍ ഷൈലജ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്‍കിയും സ്വയം കഴിച്ചും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു.
സെപ്റ്റംബര്‍ 22-നായിരുന്നു സംഭവം. ഏഴ് വയസ്സുകാരിയായ അണീമ മണിക്കൂറുകള്‍ക്കകം മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ ഷൈലജയും മരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഇപ്പോളും മകന്‍ അക്ഷയ്‌യും യാത്രയായി. സിജിഇഎം എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് അക്ഷയ്. കുടുംബം കൂട്ട ആത്മഹത്യശ്രമം നടത്തി ഒരു ദിവസത്തിന് ശേഷമാണ് നാട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്.
സെപ്റ്റംബര്‍ 22 തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് മേപ്പാടത്തുള്ള സ്വന്തം വീട്ടില്‍ ഷൈലജയും കുട്ടികളും എത്തുന്നത്. വൃക്കരോഗം ബാധിച്ചായിരുന്നു പ്രദീപ് മരിച്ചത്. മേപ്പാടത്തുനിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള ചാക്കപ്പന്‍പടിയിലാണ് പ്രദീപിന്റെ തറവാട്.
മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് തിങ്കളാഴ്ച വീട്ടിലെത്തിയ ഇവരെ ബന്ധുക്കള്‍ വിളിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അണീമ മരിച്ചിരുന്നു.