കണ്ണൂര്‍ (kannoor) : കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തുന്ന വഴികള്‍ തേടി പോലീസ്. (Police are looking for ways to get mobile phones to prisoners in Kannur Central Jail.) ഫോണുകളുടെ ഉറവിടം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
ഒരു വര്‍ഷത്തിനിടെ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍നിന്ന് െഎഫോണ്‍ ഉള്‍പ്പെടെ 30 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ 14 കേസുകളും ടൗണ്‍ പോലീസ് രജിസ്റ്റര്‍ചെയ്തു. തടവുകാരുടെ ഇടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.
മൊബൈല്‍ ഫോണ്‍ മാത്രമല്ല ചാര്‍ജറുകള്‍, ഇയര്‍ ഫോണ്‍, പവര്‍ബാങ്ക് എന്നിവയും കണ്ടെത്തിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനുശേഷം ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ ഗോവിന്ദച്ചാമി ജയിലില്‍ മൊബൈല്‍ ഫോണുകള്‍ സുലഭമാണെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതോടെയാണ് മൊബൈല്‍ ഫോണുകളെത്തുന്ന വഴിയടക്കാന്‍ പോലീസ് തീരുമാനിച്ചത്. സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരി ഉത്പന്നങ്ങളും മതില്‍വഴി എറിഞ്ഞുകൊടുക്കുന്ന മൂന്നംഗസംഘത്തെ കഴിഞ്ഞമാസം ടൗണ്‍ പോലീസ് പിടിച്ചിരുന്നു. ‘ഒരേറിന് 1000 രൂപ’ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. തടവുകാരുടെ സുഹൃത്തുകള്‍ വഴിയാണ് ‘സാധനങ്ങള്‍ ഓര്‍ഡര്‍’ ചെയ്യുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുംപെട്ട തടവുകാര്‍ക്ക് ‘സാധനങ്ങള്‍’ എത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
ജയിലിനകത്തെത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ തടവുകാര്‍ രഹസ്യമായി ഒളിപ്പിച്ചുവെക്കുന്നതും സാഹസികമായിട്ടാണ്. ആറാം ബ്ലോക്കിന് സമീപത്തെ തെങ്ങിനു മുകളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ വരെ മൊബൈല്‍ ഫോണുകള്‍ ജയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. രാത്രിപരിശോധനയ്ക്കിടെ തെങ്ങിന്‍മുകളില്‍ പ്രകാശംകണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്.