ചെന്നൈ (Chennai) : നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലാങ്കരയിലെ വീടിന്റെ ടെറസിൽ 2 ദിവസത്തോളം ഒളിച്ചിരുന്ന യുവാവ്, വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു. (A young man who had been hiding on the terrace of actor and TVK leader Vijay’s house in Neelankara for two days hugged the actor who had come to exercise.) ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു താഴെയെത്തിച്ച് പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലുള്ള അരുൺ (24) ആണ് പിടിയിലായത്.
വൈ കാറ്റഗറി സുരക്ഷയും നിരീക്ഷണ ക്യാമറകളുമുള്ള വീട്ടിൽ യുവാവ് ഒളിച്ചു കയറിയതു സുരക്ഷാ ജീവനക്കാരെ ഞെട്ടിച്ചു. വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിയെത്തിയ യുവാവ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ടെറസിൽ ഇരിക്കുകയായിരുന്നു. രാഷ്ട്രീയ പര്യടനത്തിന്റെ ഭാഗമായി വിജയ് ഇന്നു നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെത്തും. രാവിലെ 11നു നാഗപട്ടണം പുത്തൂർ അണ്ണാ സ്റ്റാച്യു ജംക്‌ഷനു സമീപവും വൈകിട്ട് 3നു തിരുവാരൂർ നഗരസഭാ ഓഫീസിനു സമീപം സൗത്ത് സ്ട്രീറ്റിലും പരിപാടി നടക്കും.
തിരുച്ചിറപ്പള്ളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 35 മിനിറ്റ് മാത്രമാണു പരിപാടി നടത്താൻ അനുവാദം. പൊതുമുതൽ നശിപ്പിച്ചാൽ കേസെടുത്തു നഷ്ടപരിഹാരം ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, പാർട്ടി പ്രവർത്തകർക്കുള്ള 12 നിർദേശങ്ങൾ ടിവികെയും പുറത്തിറക്കി.