ന്യൂഡൽഹി (New Delhi) : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മാ വന്ദേ’ എന്ന സിനിമയിൽ അദ്ദേഹത്തിൻ്റെ വേഷം അവതരിപ്പിക്കുന്നത് താനാണെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. (Actor Unni Mukundan has announced that he will be playing the role of Prime Minister Narendra Modi in the film ‘Maa Vande’, which is based on his life.) ഈ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കുവെച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ തനിക്ക് മോദിയെ അറിയാമായിരുന്നുവെന്നും, 2023 ഏപ്രിലിൽ അദ്ദേഹത്തെ നേരിൽ കണ്ടത് ജീവിതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച അനുഭവമാണെന്നും ഉണ്ണി പറഞ്ഞു. ‘ജൂക്വാനു നഹി’ (ഒരിക്കലും തലകുനിക്കരുത്) എന്ന് ഗുജറാത്തിയിൽ മോദി തന്നോട് പറഞ്ഞ വാക്കുകൾ ജീവിതത്തിൽ തനിക്ക് എന്നും കരുത്ത് നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
ഒരു നടനെന്ന നിലയിൽ, മോദിയുടെ വേഷം ചെയ്യുന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും, അദ്ദേഹത്തിൻ്റെ അമ്മയുമായുള്ള ആഴത്തിലുള്ള ബന്ധം പോലുള്ള വ്യക്തിപരമായ കാര്യങ്ങളായിരിക്കും സിനിമയുടെ പ്രധാന വിഷയമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി. എം നിർമ്മിച്ച് ക്രാന്തി കുമാർ സി.എച്ച് രചിച്ച് സംവിധാനം ചെയ്യുന്ന ‘മാ വന്ദേ’ എന്ന ഈ പാൻ ഇന്ത്യൻ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം മോദിയുടെ ജന്മദിനത്തിലാണ് നടന്നത്.