കോട്ടയം (Kottayam) : കുട്ടികള്‍ പാടി നടന്ന `’മഴ മഴ, കുട കുട.. മഴ വന്നാല്‍ പോപ്പിക്കുട….” എന്ന പരസ്യ വാചകം ഓര്‍ക്കാത്തവര്‍ കുറവായിരിക്കും. (There are few people who do not remember the slogan “Rain, rain, umbrella, umbrella… when it rains, don’t put a poppy seed on it…” sung by children.) ഈ പരസ്യ വാചകം സൃഷ്ടിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ശങ്കര്‍ കൃഷ്ണമൂര്‍ത്തി (ശിവ കൃഷ്ണമൂര്‍ത്തി) യായിരുന്നു. മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യകോപ്പി റൈറ്ററുമായിരുന്നു ശങ്കര്‍ കൃഷ്ണമൂര്‍ത്തി. കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നു അന്ത്യം.
1939ല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹം 1975-90 കാലത്ത് കോട്ടയത്തായിരുന്നു താമസം. പുറത്ത് നിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം… ഈ പരസ്യവാചകം പറയാത്ത മലയാളിയുണ്ടാകില്ല. അത്രയേറെ പ്രചാരം നേടിയ വാചകമാണത്. കോട്ടയം അയ്യപ്പാസിന്റേതായിരുന്നു ഈ പരസ്യ വാചകം.
ഭീമ ജൂവലറിയുടെ ‘ഭീമ ബോയ്’ അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്നതാണ്. എണ്‍പതുകളില്‍ ‘പാലാട്ട്’ അച്ചാര്‍, ‘വി ഗൈഡ്’ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും പേര് നല്‍കി. കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റേതായിരുന്നു പാലാട്ട് അച്ചാര്‍ എന്ന ഉത്പന്നം. ശങ്കര്‍ കൃഷ്ണമൂര്‍ത്തി രൂപംകൊടുത്ത ‘പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്’ എന്ന പരസ്യവാചകം വാക്കുകളില്‍ സ്വാദ് നിറച്ചു. ‘സ്വാദിഷ്ഠമായ’ എന്ന് അര്‍ഥം വരുന്ന പാലറ്റബിള്‍ എന്ന ഇംഗ്ലീഷ് വാക്കും പാലത്തിങ്കല്‍ എന്ന കുടുംബപ്പേരും ചേര്‍ത്താണ് പാലാട്ട് എന്ന പേര് നല്‍കിയത്.
തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളില്‍ മുന്നൂറിലധികം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ‘കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി.
പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യകമ്പനിയില്‍ ജോലി സ്വീകരിച്ച് അവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു. ജീവിതത്തിന്റെ അവസാനകാലംവരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ പുതിയകഥ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഭാര്യ: ശാന്താ കൃഷ്ണമൂര്‍ത്തി. മക്കള്‍: അജയ് ശങ്കര്‍ (അമേരിക്ക), വിജയ് ശങ്കര്‍ (സിനിമ എഡിറ്റര്‍), ആനന്ദ് ശങ്കര്‍ (അമേരിക്ക). മരുമക്കള്‍: മായ, ലയ, വൈജയന്തി. സംസ്‌കാരം പിന്നീട്.