കൊല്ലം (Kollam) : കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. (A complaint has been filed alleging that a four-and-a-half-year-old boy was brutally assaulted by an Anganwadi teacher in Erur, Kollam.) രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് തുടകളില്‍ പാട് കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോൾ അധ്യാപിക ഉപദ്രവിച്ച വിവരം വീട്ടുകാരോട് കുട്ടി പറഞ്ഞു. വിവരം അറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
നിലവില്‍ അധ്യാപികയ്ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. 7 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണിപ്പോൾ. സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.