പാലക്കാട് (Palakkad) : പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. (A suicide note was found by a young woman who committed suicide at her husband’s house in Puthu Pariyaram, Palakkad.) മാട്ടുമന്ത ചോളോട് സിഎന്‍ പുരം സ്വദേശി 32കാരിയായ മീരയെയാണ് കഴിഞ്ഞ ബുധനാഴ്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിലെ മീരയുടെ നോട്ട് ബുക്കിലാണ് കുറിപ്പുണ്ടായിരുന്നത്. ഭർത്താവ് അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും പരിഗണന ലഭിക്കുന്നില്ലെന്നും താൻ ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ലെന്നും മീര കുറിപ്പിൽ പറയുന്നു. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് സ്റ്റാറ്റസ് ഇട്ടില്ലെന്നും അതിനർഥം സ്നേഹം കുറഞ്ഞെന്നാണെന്നും കുറിപ്പിലുണ്ട്. എന്നാൽ ഭർത്താവിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളൊന്നും കുറിപ്പിലില്ലാത്തതിനാൽ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അനൂപിന്‍റെയും മീരയുടെയും രണ്ടാം വിവാഹമാണിത്. ഒരു വർഷം മുൻപ് ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ടുമാസം മുന്‍പും മീര അനൂപുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയിരുന്നു.
മീരയെ മുറിയിൽ അടച്ചിട്ട് ക്രൂരമായി മർദിച്ചിരുന്നതായി പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു. പിണങ്ങി വീട്ടിൽ വന്ന് നിന്ന മീരയെ അനുനയിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചയക്കുകയായിരുന്നെന്നും കുടുംബം മൊഴി നൽകി. മരണത്തിന് തലേ ദിവസം സ്വന്തം വീട്ടിലായിരുന്ന മീരയെ രാത്രി 12 മണിയോടെ അനൂപ് എത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ ആറരയോടെ അയല്‍വാസി ഫോണില്‍ വിളിച്ച് മീര ആശുപത്രിയിലാണെന്ന് ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.