ഗുരുവായൂര്‍ (Guruvayoor) : ഗുരുവായൂരില്‍ അഷ്ടമിരോഹിണി വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം. (Guruvayur Devaswom says Ashtamirohini will be celebrated with elaborate ceremonies in Guruvayur.) ഇത്തവണ ഞായറാഴ്ചയാണ് ആഷ്ടമിരോഹിണി. ഞായറാഴ്ചയായതിനാലുള്ള തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു. ഇരുന്നൂറിലേറെ കല്യാണങ്ങള്‍ അന്ന് നടക്കും. പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങും. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കും. ദൂരെനിന്ന് വരുന്നവര്‍ക്ക് കല്യാണം കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ക്രമീകരണം.
കൃഷ്ണന്റെ പിറന്നാള്‍സദ്യ ഇക്കുറി 40,000 പേര്‍ക്ക് നല്‍കും. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഹാളിലും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളിലുമായി ഒരേസമയം രണ്ടായിരത്തിലേറെപ്പേര്‍ക്ക് ഭക്ഷണം കഴിക്കാം. അഷ്ടമിരോഹിണി ദിവസം രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി, പ്രത്യേക ദര്‍ശനമുണ്ടാകില്ല. കിഴക്കേനടയിലെ പൊതുവരി പൂന്താനം ഹാളില്‍നിന്ന് ആരംഭിക്കും. നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരം വഴി നേരേ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ദര്‍ശനം രാവിലെ നാലരമുതല്‍ അഞ്ചരവരെയും വൈകീട്ട് അഞ്ചുമുതല്‍ ആറുവരെയുമാണ്. തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനം നടത്താം.
ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ മേളവും വൈകീട്ട് കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യവുമുണ്ടാകും. വൈകീട്ട് അഞ്ചിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വത്തിന്റെ ക്ഷേത്രകലാ പുരസ്‌കാരം കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിക്കും. ചടങ്ങിനുശേഷം പെരിങ്ങോട് ചന്ദ്രന്‍ നയിക്കുന്ന ഒന്നരമണിക്കൂര്‍ പഞ്ചവാദ്യമുണ്ടാകും.