കാശ്മീര്‍ (kashmeer) : മഴ തുടരുന്നതിനിടെയുണ്ടായ പുതിയ ഉരുള്‍പൊട്ടലുകളിലും മേഘവിസ്‌ഫോടനങ്ങളിലും ജമ്മു കശ്മീരില്‍ 11 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍. (Authorities say 11 people have died and several are missing in fresh landslides and cloudbursts in Jammu and Kashmir amid ongoing rains.) റിയാസി ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു.
അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ മണ്‍വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. രാജ്ഗഡിലെ ഉയര്‍ന്ന പ്രദേശങ്ങളിൽ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ റമ്പാനില്‍ നാല് പേര്‍ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു.
കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ വീടുകള്‍ ഒഴുകിപ്പോയി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലത് പൂര്‍ണമായും ഒലിച്ചുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ശ്രീനഗറില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ അകലെയാണ് റമ്പാന്‍. റമ്പാനിലെ ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കശ്മീരില്‍ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.