തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. (The state government’s free Onam kit distribution will begin today.) എ എ വൈ റേഷൻ കാർഡ് (മഞ്ഞ കാർഡ് ) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക.
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. 14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുക. 5,92,657 മഞ്ഞക്കാർഡുകാർക്ക് റേഷൻകട വഴിയാകും കിറ്റ് വിതരണം. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. സെപ്തംബർ നാലുവരെ കിറ്റ് വാങ്ങാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
ഓണക്കാലത്ത് പിങ്ക് കാർഡുകാർക്ക് നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ചുകിലോ അരി നൽകും. നീലക്കാർഡിന് 10 കിലോയും വെള്ളക്കാർഡിന് 15 കിലോയും അരി നൽകും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി ലഭ്യമാക്കുന്നത്.
ഓണക്കിറ്റിലെ ആവശ്യവസ്തുക്കൾ
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്.