തൃശൂര്‍ (Thrissur) : റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് പരാതി. (A complaint has been filed against reality show star and fashion influencer Jasmine Jafar for filming reels at the Guruvayur temple pond.) ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നാണ് ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മുന്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ യുവതി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.മൂന്ന് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്.
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായും കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയെന്നും കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പറഞ്ഞു. അതേസമയം ജാസ്മിന്‍ പങ്കുവച്ച റീല്‍ ഇതിനരം 2.6 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. കമന്റ് ചെയ്യാന്‍ സാധിക്കുന്ന ആളുകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയാണ് ജാസ്മിന്‍ റീല്‍ പങ്കുവച്ചത്. എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സും സോഷ്യല്‍മീഡിയ താരത്തിനുണ്ട്.