തിരുവനന്തപുരം ( Thiruvananthapuram ) : ജയിൽ വകുപ്പിന്‍റെ തിരുവനന്തപുരം ഭക്ഷണശാലയിൽ മോഷണം. (Theft at the Thiruvananthapuram Prison Department cafeteria) പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്.
സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് വരുന്ന റോഡിന്‍റെ അരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്.മോഷണം നടന്ന കാര്യം പൂജപ്പുര പൊലീസിനെ ജയിൽ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്.
ജയിൽ ജീവനക്കാര്‍ക്കൊപ്പം തടവുകാരും കഫറ്റീരിയയിൽ ജോലി ചെയ്യുന്നുണ്ട്. ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോല്‍ ഒരു സ്ഥലത്ത് വെച്ചിരുന്നു. ഈ താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.