ഹൈദരാബാദ് (Hyderabad) : ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിൽ ആറ് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു. (Six school children drowned in Chigiri village in Aspari mandal of Kurnool district of Andhra Pradesh.) ഇന്നലെ സ്കൂൾ സമയത്തിന് ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ബീമേഷ്, വിനയ്, മഹാബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്.
സ്കൂൾ വിട്ട ശേഷം പത്ത് വയസിന് താഴെയുള്ള 7 വിദ്യാർത്ഥികളാണ് മഴപെയ്ക് വെള്ളം നിറഞ്ഞ കുഴിക്ക് സമീപമെത്തിയത്. ആറ് കുട്ടികൾ വെള്ളത്തിലിറങ്ങിയെങ്കിലും ഒരു കുട്ടി മാത്രം കരയിൽ നിന്നു. ഈ കുട്ടി നിലവിളിച്ചതോടെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. വിവരം ലഭിച്ചയുടൻ ആളൂർ എംഎൽഎ വീരുപക്ഷി, ആർഡിഒ ഭരത് നായിക്, സിഐ ഗംഗാധർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, കുടുംബങ്ങൾക്ക് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.
സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ചന്ദ്രബാബു നായിഡു പഞ്ഞു. കുട്ടികളുടെ അകാല മരണം അവരുടെ കുടുംബങ്ങൾക്ക് നികത്താനാവാത്ത ദുഃഖമായി മാറിയിരിക്കുകയാണ്, സർക്കാർ കുട്ടികളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ പറഞ്ഞു. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.