ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലെസ്ബിയൻ കപ്പിൾ മത്സരാർത്ഥികളായി കടന്നെത്തിയിരിക്കുകയാണ്. ആദില നസ്രിനും നൂറ ഫാത്തിമയുമാണ് സീസൺ ഏഴിന്റെ ഭാഗമായി വീടിനുള്ളിൽ പ്രവേശിച്ചത്. മലയാള പ്രേക്ഷകരുടെ വോട്ട് നേടാൻ ആദിലയ്ക്കും നൂറയ്ക്കും കഴിയുമോ? അവരെ കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തെല്ലാമായിരിക്കും?
ട്രാൻസ്ജെൻഡർ, ഗേ കമ്മ്യൂണിറ്റിയിൽപ്പെടുന്നവർ മുമ്പത്തെ സീസണുകളിൽ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലെസ്ബിയൻ കപ്പിൾ വരുന്നത്. 2022ലാണ് ആദില-നൂറ സമൂഹത്തിന്റെ അതിർവരമ്പുകളെ തകർത്തെറിഞ്ഞ് ഒന്നിച്ചത്. ജിദ്ദയിലെ സ്കൂൾ കാലം മുതൽ ഒന്നിച്ച് പഠിച്ച് ഒന്നിച്ച് വളർന്ന അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മുതിർന്നപ്പോൾ തങ്ങൾക്കിടയിലുള്ളത് വെറും സൗഹൃദം മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ അവർ നേരിടേണ്ടി വന്ന കടമ്പകൾ അത്ര എളുപ്പമായിരുന്നില്ല. കുടുംബവും സമൂഹവും എതിരായി, നൂറയെ മാതാപിതാക്കൾ ബലമായി പിടിച്ചുകൊണ്ടുപോയി.
തുടർന്ന് ആദില കോടതിയെ സമീപിച്ചു. അങ്ങനെ ആദില നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിൽ ഇരുവർക്കും ഒന്നിച്ച് ജീവിക്കാനുള്ള അനുമതി ഹൈക്കോടതി നൽകുകയായിരുന്നു. എന്നാലും സൈബർ അറ്റാക്ക് ഉൾപ്പെടെ പല വെല്ലുവിളികളും അവർ ഇന്നും നേരിടുന്നുണ്ട്, കൂട്ടിന് ഇരുവരുടെയും പ്രണയം മാത്രം. ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ ബിഗ്ബോസിലേക്കുള്ള വരവ്. രണ്ടുപേരും ഒരു മത്സരാർത്ഥിയായിട്ടായിരിക്കും ഷോയിൽ പങ്കെടുക്കുക.
രണ്ടുപേർ ഒരു മത്സരാർത്ഥിയായി മത്സരിക്കുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന അഭിപ്രായഭിന്നതകൾ തന്നെയാണ് ഇരുവരും നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. കൂടാതെ ലെസ്ബിയൻ കപ്പിൾ എന്ന ജില്ലയിൽ വീട്ടിലുള്ളവരും പ്രേക്ഷകരും അവരെ എങ്ങനെ കാണും എന്നതും നിർണായകമാണ്. സ്വവർഗ്ഗപ്രണയം, സ്വവർഗ്ഗ വിവാഹം എന്നിവയോട് ഇന്നും മുഖംതിരിക്കുന്നവരുള്ള കേരളത്തിലെ, പ്രേക്ഷകരുടെ മനസുകളെ സ്വാധീനിക്കാനും സമൂഹത്തിൽ മാറ്റം വരുത്താനും ഇവർക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം….