റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ ബലാത്സംഗ കേസില്‍ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. വേടന്റെ തൃശ്ശൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെയാണ് തൃക്കാക്കര പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ വേടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.
യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിവെയ്ക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കേസിൽ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു.