തിരുവനന്തപുരം (Thiruvananthapuram) : വന്‍ കുതിപ്പില്‍ സ്വര്‍ണ വില സ്വര്‍ണാഭരണ പ്രേമികളെ ആശങ്കയിലാക്കി മുന്നോട്ട് കുതിക്കുന്നു. ബുധനാഴ്ച സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. പവന് 760 രൂപ വര്‍ധിച്ച് 75,040 രൂപയിലാണ് കേരളത്തിലെ വില. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
ജൂണ്‍ 15 ന് രേഖപ്പെടുത്തിയ 74,560 രൂപയെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. മൂന്നു ദിവസത്തിനിടെ 1,680 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നലെ 840 രൂപ വര്‍ധിച്ച് പവന് 74,280 രൂപയിലെത്തിയിരുന്നു. സ്വര്‍ണവില റെക്കോര്‍ഡിലെത്തിയതോടെ ഒരു പവന് സ്വര്‍ണാഭരണമായി വാങ്ങാനുള്ള ചെലവും വര്‍ധിക്കുകയാണ്. ഇന്നത്തെ വിലയില്‍ 85,000 രൂപയ്ക്ക് മുകളിലാണ് ഒരു പവന്റെ വില.
75,040 രൂപ സ്വര്‍ണ വിലയ്ക്കൊപ്പം 7504 രൂപ പണിക്കൂലി ഈടാക്കും. 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇവ ചേര്‍ന്ന തുകയോട് മൂന്ന് ശതമാനം ജി.എസ്.ടി നല്‍കണം. ആകെ 85,075 രൂപ നല്കിയാല് ഒരു പവന്റെ ആഭരണം വാങ്ങാം.
രാജ്യാന്തര സ്വര്‍ണ വില അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണുള്ളത്. യു.എസ് ഡോളര്‍ ദുര്‍ബലമായതും ട്രഷറി ബോണ്ട് യീല്‍ഡ് താഴ്ന്നതുമാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജമായത്. യുഎസ് വ്യാപാര ചര്‍ച്ചകള്‍ പുരോഗതി കാണുന്നു എന്ന സൂചനയാണ് ഡോളറിന്റെ ഇടിവിന് കാരണം. ഇന്നലെ രാവിലെ 3390 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണ വില 3,437 ഡോളര്‍ വരെ കുതിച്ചിരുന്നു. നിലവില്‍ 3,424 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 16 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.