ലഖ്നൗ (Lucknow) : പാൽക്കാരൻ വിതരണം ചെയ്യുന്ന പാലിൽ തുപ്പിയതിന് പൊലീസ് അറസ്റ്റ് ചെയ്തു. (Police arrested a milkman for spitting on the milk being delivered.) വീട്ടിലെ സിസിടിവിയിൽ സംഭവം കണ്ടതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. ഗോമതി നഗറിലെ ഒരു താമസക്കാരനാണ്, പപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് ഷെരീഫ് എന്ന പാൽക്കാരൻ തന്റെ വീട്ടിൽ പാൽ കൊടുക്കുന്നതിന് മുമ്പ് പാലിൽ തുപ്പുന്നത് സിസിടിവിയിൽ കണ്ടത്.
പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അയാളെ ചോദ്യം ചെയ്തുവരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ബ്രിജേഷ് തിവാരി പിടിഐയോട് പറഞ്ഞു. ഗോമതി നഗറിലെ വിനയ് ഖണ്ഡ് നിവാസിയായ ലവ് ശുക്ല എന്നയാണ് പരാതി നൽകിയത്. അദ്ദേഹം ഉടൻ തന്നെ ഗോമതി നഗർ പോലീസ് സ്റ്റേഷനിൽ ഷെരീഫിനെതിരെ പരാതി നൽകി.
സെപ്റ്റംബറിൽ, സഹാറൻപൂർ ജില്ലയിലെ ഒരു ഭക്ഷണശാലയിൽ റൊട്ടി തയ്യാറാക്കുന്നതിനിടെ പാചകക്കാരൻ തുപ്പുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗാസിയാബാദ് ജില്ലയിലെ ജ്യൂസ് വിൽപ്പനക്കാരനെ ഉപഭോക്താക്കൾക്ക് മൂത്രത്തിൽ കലർത്തിയ പഴച്ചാറുകൾ നൽകിയതും വിവാദമായി.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഭക്ഷണത്തിൽ മനുഷ്യ വിസർജ്ജ്യമോ മറ്റ് വൃത്തിഹീനമായ വസ്തുക്കളോ ചേർത്ത് മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സിസിടിവികൾ നിർബന്ധമാക്കാനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും ഓപ്പറേറ്റർമാർ, ഉടമസ്ഥർ, മാനേജർമാർ എന്നിവരുടെ പേരും വിലാസവും നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും പാചകക്കാരും വെയിറ്റർമാരും മാസ്കുകളും കയ്യുറകളും ധരിക്കണമെന്നും ആദിത്യനാഥ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.