കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,050 രൂപയിലും പവന് 72,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,425 രൂപയിലെത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷമാണ് ഇന്നു കുത്തനെ താഴേക്കുപോയത്.
ചൊവ്വാഴ്ച സ്വർണവില പവന് ഒറ്റയടിക്ക് 840 രൂപയും ബുധനാഴ്ച 360 രൂപയും വ്യാഴാഴ്ച 320 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ചൊവ്വാഴ്ച വീണ്ടും കുതിച്ചുകയറിയത്. ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.