മുംബൈ (Mumbai) : വിമാനത്തിന്റെ ജനാല യാത്രയ്ക്കിടെ ആകാശത്തുവച്ച് ഇളകി മാറി. (The plane window shook in mid-flight.) ചൊവ്വാഴ്ച ഗോവയിൽനിന്ന് പൂനയിലേക്ക് പോകുകയായിരുന്ന സ്പൈസ്ജെറ്റിന്റെ എസ്ജി 1080 വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. യാത്രാമധ്യേ ജനാലയുടെ ഫ്രെയിം ഇളകിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. പക്ഷേ ക്യാബിൻ മർദ്ദം സാധാരണ നിലയിലായിരുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.
എന്നാൽ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം ഉടൻ തന്നെ പ്രശ്നം പരിഹരിച്ചെന്നും സ്പൈസ്ജെറ്റ് അറിയിച്ചു. ‘ സ്പൈസ്ജെറ്റിന്റെ ക്യു400 വിമാനങ്ങളിൽ ഒന്നിന്റെ കോസ്മെറ്റിക് ജനാല അയഞ്ഞ് ഇളകിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തണലിനായി ജനാലയിൽ ഘടിപ്പിച്ചിട്ടുള്ള ഫ്രെയിം മാത്രമാണ് ഇത്. അതിനാൽ വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല’–സ്പൈസ്ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്തിന്റെ ദുരവസ്ഥ ചോദ്യം ചെയ്തുകൊണ്ട്, ഒരു യാത്രക്കാരൻ എക്സിൽ ജനാല ഇളകിമാറുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. “ഗോവയിൽ നിന്ന് പൂനെയിലേക്കുള്ള പോകുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ഉൾഭാഗത്തെ ജനൽ പൊളിഞ്ഞു വീണു. ഈ വിമാനം പറക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്,” യാത്രക്കാരൻ പോസ്റ്റിൽ പറഞ്ഞു.