തിരുവനന്തപുരം (Thiruvananthapuram) : കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ സസ്പെൻഷൻ വകവയ്ക്കാതെ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തും. (Kerala University Registrar Dr. K.S. Anilkumar will reach the university headquarters today despite his suspension.) സിൻഡിക്കറ്റ് നിർദേശമനുസരിച്ചാണ് രജിസ്ട്രാർ സർവകലാശാലയിലേക്ക് എത്തുന്നത്. അദ്ദേഹത്തെ തടഞ്ഞാൽ സർവകലാശാല ഏറ്റുമുട്ടലിനു വേദിയാവും. രജിസ്ട്രാറെ പിന്തുണച്ച് ഇടത് അനുകൂല അധ്യാപക സംഘടനകളും എസ്എഫ്ഐയും രംഗത്തുണ്ട്.
രജിസ്ട്രാറിനു തുടരാമെന്ന സന്ദേശമാണ് സംസ്ഥാന സർക്കാരും നൽകുന്നത്. ഇന്ന് തന്നെ അനിൽ കുമാർ കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്. സർവകലാശാലക്കു മുന്നിൽ ഗവർണർക്കും വിസിക്കുമെതിരെ ബാനർ കെട്ടിയ എസ്എഫ്ഐ. പകരം താൽക്കാലിക വിസിയായി നിയമിതയായ ഡോ.സിസ തോമസിനും മുന്നറിയിപ്പും നൽകി. എസ്എഫ്ഐ എന്താണെന്ന് സിസ തോമസിന് അറിയാമെന്നും ചുമതല ഏൽക്കാൻ വരട്ടെ അപ്പോൾ കാണാമെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദൻ പ്രതികരിച്ചത്.
സസ്പെൻഷനെതിരെ എസ്എഫ്ഐ ഇന്നലെ രാജ്ഭവനിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഭാരതാംബ ചിത്രത്തിനു നിയമസാധുതയില്ലെന്ന സർക്കാർ നിലപാടാണ് റജിസ്ട്രാർ നടപ്പാക്കിയത്. മതപരമായ ചിഹ്നങ്ങൾ പാടില്ലെന്ന സർവകലാശാല നിബന്ധന ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റജിസ്ട്രാർ പരിപാടി റദ്ദാക്കിയത്. ഏതാണ് മതപരമായ ചിഹ്നമെന്ന വിസിയുടെ ചോദ്യത്തിന് റജിസ്ട്രാർ മറുപടി നൽകിയിരുന്നില്ല.