കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി. ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കുടുംബകോടതി തീർപ്പാക്കിയത്. 2021-ൽ നൽകിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.
തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു. കൂടത്തായിയിൽ 2002 മുതൽ 2016 വരെയുളള വർഷങ്ങൾക്കിടയിൽ ഒരു കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നൽകിയിരുന്നു.