കൊൽക്കത്ത: മുൻ ഭാര്യയ്‌ക്കും മകൾക്കും ചെലവിനായി പ്രതിമാസം നാല് ലക്ഷം രൂപ വീതം നൽകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ മകൾക്കായും നൽകാൻ ഉത്തരവിട്ട ജില്ലാ കോടതി വിധിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.
ഹസിൻ ജഹാന്റെ ചെലവിനായി മാസം ഒന്നര ലക്ഷം രൂപയും മകൾക്കായി മാസം രണ്ടര ലക്ഷവും ഷമി നൽകണമെന്നും അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ അത് അത്യാവശ്യമാണെന്നും ജസ്റ്റിസ് അജോയ് കുമാർ മുഖർജിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമേ മകളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി പണം നൽകുന്നതിൽ ഷമിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.2018 മാർച്ചിലാണ് ഷമി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹസിൻ, ജാദവ്‌പൂർ സ്റ്റേഷനിൽ പരാതി നൽകിയത്. ഷമിയുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി അവർ പരാതിയിൽ ആരോപിച്ചിരുന്നു. മകളുടെ കാര്യത്തിൽ ഷമിക്ക് ശ്രദ്ധയില്ലെന്നും ഹസിൻ വാദിച്ചു. ഗാർഹിക പീഡനത്തിന് പുറമേ സ്‌ത്രീധന പീഡനവും ഹസിൻ ആരോപിച്ചു.ഷമിയുമായി പിരിഞ്ഞ ശേഷവും ഹസിന്‍ അവിവാഹിതയായി തുടരുകയാണെന്നും കുടുംബമായി ജീവിച്ചിരുന്നത് പോലെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി ഹസിന് സാമ്പത്തികം ആവശ്യമുണ്ടെന്നും കുഞ്ഞിന്റെ സുരക്ഷിതമായ ഭാവിക്കും അത് അത്യാവശ്യമാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിലവിലെ വിധി. 2014ലാണ് ഷമിയും ഹസിനും വിവാഹിതരായത്.