കൊച്ചി (Kochi) : ഗായിക അമൃത സുരേഷിനു വാട്സ് ആപ്പ് തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടമായി. (Singer Amrita Suresh lost Rs. 45,000 through WhatsApp fraud.) അമൃതയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അത്യാവശ്യമായി 45,000 രൂപയുടെ അത്യാവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് ബന്ധുവിന്റെ സന്ദേശം വരുന്നത്. തന്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും പകരം മറ്റൊരു അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.
അതു പ്രകാരം അക്കൗണ്ടിലേക്ക് പണം അയച്ചു. പണം അയച്ച പിന്നാലെ താങ്ക്യൂ എന്ന് മറുപടിയും എത്തി. ശേഷം വീണ്ടും ഒരു 30,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് അടുത്ത സന്ദേശം വന്നു. തുടർന്ന് ബന്ധുവിനെ നേരിട്ടു വിളിച്ചപ്പോഴാണ് വാട്സ് ആപ്പ് ആരോ ഹാക്ക് ചെയ്ത വിവരം അറിയുന്നതെന്നും അമൃത പറഞ്ഞു.
സംഭവത്തിൽ പൊലീസിൽ വിവരം അറിയിച്ചതായി അമൃത പറഞ്ഞു. ഒപ്പം ബന്ധുവിന്റെ പരിചയത്തിലുള്ള എല്ലാവരെയും ഈ വിവരം അറിയിച്ചതായും അമൃത കൂട്ടിച്ചേർത്തു. ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴും കേൾക്കാറുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് താന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ലെന്നും തട്ടിപ്പിന് ഇരയായ ശേഷമാണ് അതിന്റെ പ്രാധാന്യം മനസിലാകുന്നതെന്നും താരം പറഞ്ഞു.