കെ. ആർ. അജിത
ക്രിസ്തുമസ് അവധി ദിനങ്ങൾ ആഘോഷമാക്കാൻ മഞ്ഞിൻ കോട പുതച്ച് ഒരുങ്ങി നിൽക്കുകയാണ് നെല്ലിയാമ്പതി (Nelliampathy). പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന പോത്തുണ്ടി ഡാം കടന്നു നേരെ നെല്ലിയാമ്പതിയിൽ ചെന്നാൽ നനുത്ത കാറ്റും ചെറു ചാറ്റൽ മഴയും മനസ്സിനും ശരീരത്തിനും കുളിരു കോരിയിടുന്ന അന്തരീക്ഷം.. തേയിലക്കാടുകളുടെ വശ്യ സൗന്ദര്യം ആവോളം നുകർന്ന് പ്രകൃതിയെ അറിഞ്ഞ് യാത്ര പോകാം നെല്ലിയാമ്പതിയിലേക്ക്.
കാടിന്റെ വന്യ സൗന്ദര്യം ആസ്വദിച്ച് ഹെയർപിൻ വഴികളിലൂടെയുള്ള സാഹസിക യാത്ര. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആസ്വാദ്യകരമാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര. ഓരോ ഹെയർപിൻ വഴികളും പിന്നിടുമ്പോഴും മൊട്ടകുന്നുകൾ പോലെ തോന്നിക്കുന്ന തേയില പച്ചയും ഇടയിൽ പൂത്തു തളിർത്തു കായ്ച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങളും നെല്ലിയാമ്പതിയുടെ സൗന്ദര്യത്തിന് സുവർണ്ണ ശോഭ പകരുന്നു. നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റ് സീതാർ കുണ്ടും കലശമലയും, കേശവ പാറയും, മിന്നാം പാറയും എല്ലാം പ്രകൃതി അങ്കലാവണ്യം തീർത്ത മനോഹര ഇടങ്ങളാണ്. നട്ടുച്ചയ്ക്കും ചൂട് എന്നൊരു അവസ്ഥ ഇല്ലാത്ത ഒരിടം കൂടിയാണ് നെല്ലിയാമ്പതി.
കാട്ടിൽ നിന്നിറങ്ങിവരുന്ന വാനര സംഘവും മാൻ കൂട്ടങ്ങളും യാത്രയ്ക്കിടയിലെ അപൂർവ്വ കാഴ്ചകളാണ്. ഡാം പരിസരം ആയതുകൊണ്ട് തന്നെ വഴിയരികിൽ ചെറു ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും കൗതുക കാഴ്ചകൾ തന്നെ. വാഹനം നിർത്തി ഒന്നു നനഞ്ഞു പ്രകൃതിയെ പുണരാൻ മോഹം തോന്നുന്ന കാഴ്ചകളും നെല്ലിയാമ്പതിയിൽ കാണാം.
ഡിസംബർ ആയതുകൊണ്ട് തന്നെ കോട ഇപ്പോൾ നെല്ലിയാമ്പതിയെ പുതഞ്ഞിരിക്കുകയാണ്. ചെറുമഴയും അകമ്പടിയായി ഉണ്ട്. യാത്രകൾ ആസ്വദിക്കുന്നവർക്ക് ഒന്നോ രണ്ടോ ദിവസം താമസിക്കുന്നതിനുള്ള കോട്ടേജുകളും അവിടെയുണ്ട്.
മലകളിൽ നിന്നിറങ്ങിവരുന്ന കോടയുടെ മുഗ്ദ്ധ സൗന്ദര്യം നെല്ലിയാമ്പതിയുടെ പകലിനെ വശ്യമാക്കുന്നു. രാത്രിയിൽ മരം കോച്ചുന്ന മഞ്ഞു കൊണ്ട് ലഹരി പിടിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രകൃതി കനിഞ്ഞ് നൽകിയതാണ് നെല്ലിയാമ്പതി.