കഞ്ചാവ് കേസില്‍ സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കേസില്‍ രണ്ട് പ്രതികള്‍ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ഏഴു പേരെ ഒഴിവാക്കിയതായി എക്‌സൈസ് ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
മറ്റുള്ളവരെ പ്രതി ചേര്‍ക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല, ഇവര്‍ കഞ്ചാവ് വലിക്കുന്നത് നേരിട്ട് കണ്ട സാക്ഷികള്‍ ഇല്ല. അതിനാല്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. ഒന്നും രണ്ടും പ്രതികളില്‍ നിന്നാണ് മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോങ് എന്ന വസ്തുവും പിടിച്ചെടുത്തത് എന്നാണ് എഫ്ഐആര്‍.
യു പ്രതിഭയുടെ മകന്‍ കനിവിനെ ഒന്‍പതാം പ്രതിയാക്കി ആയിരുന്നു ആദ്യം എഫ്‌ഐആര്‍ ഇട്ടത്. ഡിസംബര്‍ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാല്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടു.