രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒരാഴ്ചകൊണ്ട് നാലിരട്ടി വർധന. സജീവമായ കോവിഡ് കേസുകളുടെ എണ്ണം ആയിരം പിന്നിട്ടു. നിലവില്‍ 1,009 കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഒരാഴ്ച മുന്‍പ് 257 രോഗബാധിതരാണുണ്ടായിരുന്നത്. കേരളം, തമിഴ്‌നാട്, കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍. 400ന് മുകളില്‍ കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ആശങ്കയുടെ സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവോ കോവിഡ് ലക്ഷണങ്ങൾക്ക് സമാനമായ കേസുകളോ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങൾക്ക് നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കിടക്കകൾ, മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യവ്യാപകമായി കോവിഡ് വ്യാപനം വർധിക്കുന്നതിനിടെ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക്സ് കൺസോർഷ്യമാണ് (INSACOG) ഈ വിവരം പുറത്തുവിട്ടത്. NB.1.8.1, LF.7 എന്നീ രണ്ട് വകഭേദങ്ങളാണ് പുതിയ കോവിഡ് വ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ 2025 മെയ് മാസത്തെ വിലയിരുത്തൽ പ്രകാരം ഈ രണ്ടു കോവിഡ് വകഭേദങ്ങളും അപകടകാരികൾ അല്ലെന്നാണ് സൂചന.