കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് പിന്തുണയുമായി സമരം നടത്തിയ കുറവിലങ്ങാട്ടെ മൂന്ന് കന്യാസ്ത്രീകള്‍ മഠംവിട്ടു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസികളുമായിരുന്ന സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരാണ് കന്യാസ്ത്രീവേഷം ഉപേക്ഷിച്ചത്. ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കള്‍ അറിയിച്ചു. അനുപമയുടെ പ്രതികരണം ലഭ്യമായില്ല. പീഡനക്കേസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത്. 2018 ജൂണില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഡോ.ഫ്രാങ്കോയെ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയില്‍ കുറ്റവിമുക്തനാക്കിയിരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്ക ബിഷപ്പായിരുന്നു ഫ്രാങ്കോ മുളക്കല്‍.
പരാതിക്കാരിയടക്കം ആറ് കന്യാസ്ത്രീകളാണ് മഠത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ മഠത്തില്‍ തുടരുന്നുണ്ട്. പല സമയങ്ങളിലായാണ് ഇവര്‍ കന്യാസ്ത്രീ വേഷം ഉപേക്ഷിച്ചതെന്നറിയുന്നു. മൂന്നുപേരും ഇപ്പോള്‍ അവരവരുടെ വീടുകളിലാണ്. കോണ്‍വെന്റില്‍ തുടരുന്നതിന്റെ മാനസിക സമ്മര്‍ദമാണ് മഠം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.