തൃശൂര്‍: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഇതുവരെ ആറുപേര്‍ മഴക്കെടുതിയില്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരങ്ങള്‍ കടപുഴകിയും മണ്ണിടിഞ്ഞും വ്യാപകനാശനഷ്ടം ഉണ്ടായി. കനത്ത മഴവെള്ളപാച്ചിലില്‍ പാലങ്ങളും ജനവാസ മേഖലകളും വെള്ളത്തിലായി. മലബാര്‍ മേഖലയില്‍ ശക്തമായ മഴയാണ് പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നത്.
തൃശൂര്‍-ഗുരുവായൂര്‍ റെയില്‍പാതയില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ അമല ആശുപത്രി പരിസരത്ത് നിന്ന മരം റെയില്‍വേ ട്രാക്കിലെ വൈദ്യുതിലൈനിലേക്കാണ് വീണത്. മരം നീക്കാന്‍ ശ്രമം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഇതിനിടെ വെള്ളക്കെട്ട് കണ്ട് ബ്രേക്ക് ചെയ്ത വാഹനത്തിന് പിന്നാലെ വന്ന കാര്‍ തലകീഴായി മറിഞ്ഞ് കോട്ടയം സ്വദേശിക്ക് പരിക്കേറ്റു. കളമശ്ശേരിയില്‍ അപ്പോളോ ജംഗ്ഷനടുത്തുള്ള മേല്‍പ്പാലത്തിലാണ് സംഭവം. വെള്ളക്കെട്ടില്‍ വാഹനം വീഴാതിരിക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ കാറില്‍ വരികയായിരുന്ന കോട്ടയം സ്വദേശി ജയിംസ് കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. രാവിലെ 5.15നായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍.എറണാകുളം മൂവാറ്റുപുഴയില്‍ വടക്കേകടവില്‍ ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെയാണ് (42) ഇന്നലെ രാത്രി കാണാതായത്. കണ്ണൂരിലും വയനാട്ടിലും രാവിലെ ശക്തമായ മഴയാണ് പെയ്യുന്നത്. മുത്തങ്ങ മന്മഥമൂലയില്‍ റോഡില്‍ വെള്ളം കയറി. കല്ലൂര്‍പുഴയാണ് ഇവിടെ കരകവിഞ്ഞത്.