ദളിത് യുവതിയെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ നടപടി. എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. ബിന്ദു രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു.
ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ് ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവന്‍ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. മാലയെവിടെടീ എന്ന് ചോദിച്ച് തെറി പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാന്‍ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.


