തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി. പോലീസ് ക്രൂരതയ്ക്കിരയായ പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കള്ളക്കേസില്‍ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ അവഗണന നേരിട്ടെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാതി മേശപ്പുറത്തേക്കിട്ടു. പരാതി വായിച്ചുനോക്കാന്‍ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവഗണന നേരിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂര്‍ക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണെന്നാണ് പരാതി.
യുവതി ജോലിക്കുനിന്ന വീട്ടില്‍നിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല.
രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ലെന്നും ആരോപിച്ചിരുന്നു.
എന്നാല്‍, ആ വീട്ടില്‍നിന്നുതന്നെ നഷ്ടപ്പെട്ടെന്നു കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥതന്നെ പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ എത്തി മാല കിട്ടിയെന്നറിയിച്ചു. ഇതേത്തുടര്‍ന്നാണ് ബിന്ദുവിനെ കുറ്റവിമുക്തയാക്കാന്‍ പോലീസ് തയാറായത്.