തെലങ്കാനയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. (A video from Telangana is currently going viral.) മിസ് വേൾഡ് മത്സരാർത്ഥികൾക്ക് ക്ഷേത്രത്തിൽ കാൽ കഴുകാൻ സഹായിക്കുന്ന തെലങ്കാനയിലെ പ്രാദേശിക സ്ത്രീകൾ ആണ് വീഡിയോയിൽ ഉള്ളത്. ഇത് സംസ്ഥാനത്ത് വലിയ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴി വച്ചിരിക്കുന്നത്. കോൺഗ്രസ് സർക്കാർ ഇന്ത്യൻ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുകയും കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മുളുഗു ജില്ലയിലെ ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തിൽ ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, സ്ത്രീകൾ സൗന്ദര്യമത്സര മത്സരാർത്ഥികളുടെ കാലുകൾ കഴുകാൻ സഹായിക്കുന്നതും, തൂവാലകൊണ്ട് തുടയ്ക്കുന്നതുമാണ് കാണിക്കുന്നത്.
മിസ്സ് വേൾഡ് സംഘടന സോഷ്യൽ മീഡിയയിൽ വിവരിച്ചതുപോലെ, പുണ്യക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള പരമ്പരാഗത ശുദ്ധീകരണ ആചാരത്തിന്റെ ഭാഗമായിരുന്നു ഈ ആചാരം. അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഈ പ്രവൃത്തി “ശാരീരികവും ആത്മീയവുമായ സ്വയം ശുദ്ധീകരിക്കാൻ” ഉദ്ദേശിച്ചുള്ളതാണെന്നും പ്രാദേശിക ആചാരങ്ങളോടുള്ള ബഹുമാന സൂചകമായിട്ടാണ് ഇത് അവതരിപ്പിച്ചതെന്നും പറയുന്നു. എന്നാലും വീഡിയോയ്ക്ക് നേരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
“ഇന്ത്യ സ്വതന്ത്രമായിരിക്കാം, പക്ഷേ കൊളോണിയൽ ഹാംഗ് ഓവർ ഇപ്പോഴും അവിടെയുണ്ട്. തെലങ്കാനയിൽ, സ്ത്രീകൾ മിസ്സ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്നത് ഒരു പാരമ്പര്യമായിരുന്നില്ല – കൊളോണിയൽ ഹാംഗ് ഓവറിലും വെളുത്തവരുടെ ആരാധനയിലും അതൊരു മാസ്റ്റർക്ലാസ് ആയിരുന്നു. എല്ലാം സംസ്കാരത്തിന്റെ പേരിൽ,” എന്നാണ് എക്സ് ഉപയോക്താവും പത്രപ്രവർത്തകനുമായ സുമിത് ഝാ പോസ്റ്റ് ചെയ്തത്.
തെലങ്കാന ടൂറിസത്തിന്റെ നേതൃത്വത്തിൽ നടന്ന പൈതൃക അനുഭവത്തിന്റെ ഭാഗമായി മത്സരാർത്ഥികൾ സാരി ധരിച്ച് എത്തുകയും, ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും, കരകൗശല വസ്തുക്കൾ കൊണ്ട് നിർമ്മിച്ച സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്തു.