പാലക്കാട് (Palakkad) : ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. (A leopard bit a dog and ran away from the sleeping children. Three-and-a-half-year-old Avanik is in shock after being knocked off the bed by a leopard she has only seen in pictures.) കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്.
മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചില്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.
അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ‘റോക്കി’ എന്ന നായയെയാണു പുലി പിടിച്ചത്. മുമ്പും ഇതേ നായയെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്.