ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അസ്വീകാര്യവും അംഗീകരിക്കാനാവില്ലെന്നും കോടതിയ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ സൈനികരെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണം.
വിജയ് ഷായ്‌ക്കെതിരായുളള ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്.
നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയുംചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെയാണ് കേണല്‍ ഖുറേഷി ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണല്‍ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമികാസിങ്ങിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പലതവണകളായി ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.