തിരുവനന്തപുരം (Thiruvananthapuram): നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ച പതിനഞ്ച് ലക്ഷം രൂപ പിഴത്തുക പ്രതി കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസിനു നല്കാണ് ഉത്തരവ്. ജോസ് തന്റെ നാല് സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നല്‍കിയിരുന്നു. തന്നെ സംരക്ഷിക്കാമെന്ന ഉറപ്പിലാണ് വസ്തു എഴുതി നല്‍കിയത്. ഇപ്പോള്‍ ആരോരും സഹായമില്ലാതെ വീല്‍ ചെയറില്‍ കഴിയുന്ന ജോസിനു പിഴത്തുക നല്‍കാനാണു വിധി.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ മാനസികരോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചുകൊല്ലുമെന്ന് പ്രോസിക്യൂഷന് ചോദിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ല. ജന്മം നല്കിയവരെയും സഹോദരിയെയും എങ്ങനെ കൊല്ലാന്‍ സാധിക്കും. കേഡല്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്ന ഉറപ്പ് നല്കാന് ആര്‍ക്കു കഴിയുമെന്നും പ്രോസിക്യൂഷന് ചോദിച്ചു.
കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
കേസിന്റെ ആരംഭത്തില്‍ അന്വേഷണസംഘത്തെ ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ‘ആസ്ട്രല്‍ പ്രൊജക്ഷന്’ എന്ന സാത്തന്‍ സേവയുടെ പേര് പറഞ്ഞ് വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും ശാസ്ത്രീയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീടു നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വീട്ടില്‍ നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമായാണു കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി.
മാസങ്ങളുടെ തയാറെടുപ്പിനു ശേഷം, രണ്ടു ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടത്തിയത്. മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കേഡല്‍ നടത്തിയ ശ്രമവും പോലീസ് പൊളിച്ചു.
കുറ്റകൃത്യങ്ങള്‍ നടത്തുമ്പോള്‍ പ്രതിക്ക് ഒരുവിധ മാനസിക പ്രശ്നവുമുണ്ടായിരുന്നില്ലെന്നു മനോരോഗ വിദഗ്ധന്റെ പരിശോധനയില്‍ തെളിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന് ഹാജരായി. അഭിഭാഷകരായ റിയ, നിധിന് എന്നിവര്‍ സഹായികളായി. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 117 തൊണ്ടി മുതലുകളും ഹാജരാക്കി.