ഇടുക്കി (Idukki) : ഇടുക്കി കൊമ്പടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നിൽ ഷോര്‍ട്ട് സർക്യൂട്ട് സാധ്യത കുറവെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ അധികൃതർ. (Electrical inspection officials have said that the possibility of a short circuit being behind the death of four members of a family in a house fire in Kompadinjal, Idukki is low.) ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും തീ പടർന്ന് അഗ്നിക്കിരയാകില്ലെന്നാണ് നിഗമനം. 50 വർഷത്തിലേറെ പഴക്കമുള്ള വീട്ടിൽ തീപിടിത്തം ഉണ്ടായതിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതോടെ, സംഭവത്തില്‍ ദുരൂഹത ഏറുകയാണ്. ഫോറന്‍സിക് പരിശോധനയുടെ ഫലത്തിലൂടെ മാത്രമേ തീപിടത്തിനു പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനാകൂ.
കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണത്തെക്കുറിച്ചും വ്യക്തത വരൂ. ഡിഎൻഎ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.
അയൽവാസിയായ ലോറി ഡ്രൈവർ അജിത്ത് ഇതുവഴി വന്നപ്പോഴാണ് വീട് കത്തിനശിച്ച നിലയിൽ കണ്ടത്. ജനവാസം കുറവുള്ള പ്രദേശത്തെ വീട് പൂർണമായി കത്തി നശിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഡിവൈഎസ്‌പി ജിൽസൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥ സംഘം അടക്കം സ്ഥലത്തെത്തി. ആദ്യഘട്ടത്തിൽ ഇളയ മകൻ അഭിനവിനെ മാത്രമാണ് കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബാക്കി മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്താനായത്.