തിരുവനന്തപുരം (Thiruvananthapuram) : അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവകലാശാലയായും എംജി മാറി. അഭിമാനകരമായ മികവാണിത് – മന്ത്രി പറഞ്ഞു.
ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂർത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിർണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റർ വൈവ വോസി പരീക്ഷകളും പൂർത്തിയാക്കി. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടു മുൻപു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോൾ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവർത്തനം- റെക്കോർഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃകയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നു – മന്ത്രി കുറിച്ചു.
2023ൽ പരീക്ഷ കഴിഞ്ഞ് പതിനാലും ദിവസവും 2024ൽ പത്താം ദിവസവും സർവകലാശാല അവസാന വർഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സർവകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്രപരിഷ്കരണ സംരംഭങ്ങളിൽ ഒപ്പം നിന്നിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മൂല്യനിർണ്ണയ ജോലികൾ ചിട്ടയായി പൂർത്തിയാക്കിയ അധ്യാപകരെയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരെയും ജീവനക്കാരെയും ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങളെയും സർവകലാശാലാ നേതൃത്വത്തെയാകെയും മന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെയും സർക്കാരിൻ്റെയും അനുമോദനങ്ങൾ അറിയിച്ചു.