തിരുവനന്തപുരം (Thiruvananthapuram) : ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. (Education Minister V Sivankutty will not allow exams for first class admission.) പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് നടക്കും. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. സ്‌കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും. സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചു. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ബന്ധപ്പെടുന്നത് കണ്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.
സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ഇക്കാര്യത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചുവെന്നും ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.