കൊച്ചി (Kochi) : സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷയില്‍ മികവ് തെളിയിച്ചവരില്‍ നേപ്പാള്‍ സ്വദേശിയും. (A Nepali national is among those who excelled in the state’s 10th grade exams.) മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി സിദ്ധത്ത് ഛേത്രി എന്ന വിദ്യാര്‍ഥി സംസ്ഥാനത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്നു. എറണാകുളം ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ധത്ത് ഛേത്രിയുടെ ഉന്നത വിജയത്തില്‍ അധ്യാപകരും അതീവ സന്തോഷത്തിലാണ്.
‘വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ് സിദ്ധത്ത്. ഇതര സംസ്ഥാനത്ത് നിന്നെത്തി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച ‘റോഷ്ണി’ പദ്ധതിയുടെ ഭാഗമായാണ് സിദ്ധത്ത് മലയാളം മെച്ചപ്പെടുത്തിയത്. കുട്ടിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോള്‍ നേടിയ മികച്ച വിജയം,’ ഹെഡ്മാസ്റ്റര്‍ റെനി വി കെ പറയുന്നു.
ഒന്നാം ക്ലാസ് മുതല്‍ ഏഴ് വരെ കോടംകുളങ്ങരയിലെ സ്‌കൂളില്‍ പഠിച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായാണ് സിദ്ധത്ത് ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധത്തിന്റെ സഹോദരനും എസ്എസ്എല്‍സിയില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയിരുന്നുവെന്നും അധ്യാപകർ പ്രതികരിച്ചു. 14 വര്‍ഷത്തിലേറെയായി കേരളത്തില്‍ താമസിക്കുന്നവരാണ് സിദ്ധത്തും കുടുംബവും. തൃപ്പൂണിത്തുറയിലെ വര്‍മ്മ ആശുപത്രിയില്‍ അറ്റന്‍ഡറാണ് സിദ്ധത്തിന്റെ അച്ഛന്‍. അമ്മ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിലെ സ്‌കൂളുകളില്‍ നേപ്പാളില്‍ നിന്നുള്ള 350 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 95 എറണാകുളം ജില്ലയിലെ സ്‌കൂളുകളിലാണുള്ളത്. മാലദ്വീപില്‍ നിന്നുള്ള രണ്ട് പേരും ശ്രീലങ്കസ ഫിലിപ്പൈന്‍സ് സ്വദേശികളായ ഒരോ കുട്ടികളും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്.
ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജ്യോതി പദ്ധതി നിലവില്‍ വരുന്നതോടെ മറ്റ് ജില്ലകളിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഡാറ്റയും കൃത്യമായി ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളത്ത് 40 സ്‌കൂളുകള്‍ റോഷ്നി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്, ഇത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ മുന്നേറ്റത്തിന് വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ പലപ്പോഴും പഠനം പൂര്‍ത്തിയാക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയിലെ കുടിയേറ്റ രീതിയിലുള്ള മാറ്റമാണ് കൊഴിഞ്ഞുപോക്കിന്റെ പ്രശ്‌നത്തിന് കാരണമെന്ന് റോഷ്നി പദ്ധതിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ രീതികള്‍ മാറി. നേരത്തെ ഒരു വര്‍ഷത്തിലേറെയായി ഒരു സ്ഥലത്ത് താമസിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ സീസണ് അനുസരിച്ച് സ്ഥലങ്ങള്‍ മാറുന്ന രീതിയാണുള്ളത്. ജോലി ലഭ്യതയാണ് ഇത്തരം മാറ്റത്തിന് കാരണം. മാതാപിതാക്കള്‍ താമസം മാറുമ്പോള്‍, കുട്ടികളെയും സ്‌കൂളില്‍ നിന്ന് മാറുന്ന സ്ഥിതിയുണ്ടാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.