പയ്യന്നൂർ (Payyannoor) : നവവധുവിന്റെ സ്വർണം കരിവെള്ളൂരിലെ വിവാഹ വീട്ടിൽനിന്നും മോഷ്ടിച്ച യുവതി പിടിയിൽ. (A woman has been arrested for stealing a newlywed’s gold from her wedding house in Karivellur.) വരന്റെ ബന്ധു വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് വിപിനി പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണം വീടിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.
പാലിയേരി കെഎസ്ഇബി മുൻ ഓവർസീയർ സി.മനോഹരന്റെ മകൻ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശി ആർച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മേയ് ഒന്നിനായിരുന്നു വിവാഹം. അടുത്ത ദിവസം ബന്ധുക്കളെ കാണിക്കാൻ ആഭരണം എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
ബുധനാഴ്ച രാവിലെ വീട്ടുകാരുടെ മൊഴി എടുക്കാനെത്തിയ പൊലീസാണ് സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ വീടിന് സമീപത്തു നിന്നും ആഭരണങ്ങൾ കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ വിപിനിയെ പിടികൂടിയത്.