ന്യൂഡല്‍ഹി: ഇരുട്ടിന്റെ മറവില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത മറുപടിയാണ് ഇന്നലെ ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മിസൈല്‍ അയച്ച ഇന്ത്യ പാക് ഭരണകൂടത്തിന് ശക്തമായ താക്കീതാണ് നല്‍കിയത്. പാക് ഭീകരത്താവളങ്ങളെ ഇല്ലാതാക്കിയ സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം.
പാക് ഭീകരതാവളങ്ങളെ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച രാത്രി രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ വ്യോമാക്രമണത്തിന് മുതിര്‍ന്നത്. എന്നാല്‍, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തിട്ടു. എസ് 400 എന്ന ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധനത്തിന്റെ മികവാണ് രാജ്യത്തിന് തുണയായി മാറിയത്.
ജമ്മുവില്‍ നിന്നാണ് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതോടെ പാകിസ്താനിലെ പ്രധാന നഗരങ്ങള്‍ ഇരുട്ടിലായി. പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകര്‍ത്തു. രണ്ട് ചൈനീസ് നിര്‍മിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. രണ്ട് പാക് പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു എന്നാണ സൂചന.
എട്ട് പാക് മിസൈലുകളെ തകര്‍ത്തതിന് പിന്നാലെ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടു. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായാണ് പുറത്തുവരുന്ന വിവരം. 50ലേറെ ഡ്രോണുകളും ഇന്ത്യ വെടിവെച്ചിട്ടു. ജമ്മുവിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം തടയുകയായിരുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. പാക് ആക്രമണത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തികടന്നുള്ള ആക്രമണത്തെത്തുടര്‍ന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതലയോഗം ചേര്‍ന്നു. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും മൂന്ന് സേനാമേധാവികളും പങ്കെടുത്തു. വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഫോണില്‍ ചര്‍ച്ച നടത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.