തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. (Central Meteorological Department warning in the state.) ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
എറണാകുളം, തൃശൂർ ജില്ലകളുടെ പല ഭാഗങ്ങളിലും രാവിലെ മുതൽ മഴയുണ്ട്. മെയ് ഏഴിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മെയ് എട്ടിന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്.
അതോടൊപ്പം കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൂട് 39 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് ഉയരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ 36 ഡിഗ്രിയിൽ എത്താനും സാധ്യതയുണ്ട്.