പത്തനംതിട്ട: നീറ്റ് പരീക്ഷയെഴുതാന്‍ വ്യാജ അഡ്മിറ്റ് കാര്‍ഡുമായി പരീക്ഷാകേന്ദ്രത്തില്‍ വിദ്യാര്ത്ഥിയെത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഹാള്‍ട്ടിക്കറ്റ് നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വിദ്യാര്‍ഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശി ജിത്തു ജി. ആറിന് എതിരെ ആള്‍മാറാട്ടത്തിന് പോലീസ് കേസെടുത്തു.
വിദ്യാര്‍ഥിക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മിച്ചുനല്‍കി കബളിപ്പിച്ചത് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി തിരുപുറം സ്വദേശിനി ഗ്രീഷ്മയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. ചോദ്യംചെയ്യലില്‍ ഇക്കാര്യം ഗ്രീഷ്മയും സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഗ്രീഷ്മയെ പരശുവയ്ക്കല്‍ ഭാഗത്തുനിന്ന് അന്വേഷണസംഘം പിടികൂടിയത്. നീറ്റ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥിയുടെ അമ്മ അക്ഷയ സെന്റര്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയിരുന്നു. ഫീസായി 1250 രൂപ ജീവനക്കാരി വാങ്ങുകയും ചെയ്തു. എന്നാല്‍ ഇവര്‍ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. പരീക്ഷയുടെ സമയം എത്തിയപ്പോള്‍ വിദ്യാര്‍ഥിയുടെ അമ്മ ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ടു. ജീവനക്കാരി വ്യാജമായുണ്ടാക്കിയ ഹാള്‍ടിക്കറ്റ് അമ്മയുടെ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തു. ഇത് ഡൗണ്‍ലോഡ് ചെയ്താണ് വിദ്യാര്‍ഥി അമ്മയ്ക്കൊപ്പം പത്തനംതിട്ടയിലെത്തിയത്. അഭിരാം എന്നയാളുടെ ഹാള്‍ടിക്കറ്റില്‍ തിരിമറി കാണിച്ചാണ് ജിത്തുവിന് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അഡ്മിറ്റ് കാര്‍ഡില്‍, പരീക്ഷാ സെന്റര്‍ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്കൂളെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഞായറാഴ്ച രാവിലെ അമ്മയ്ക്കൊപ്പമാണ് വിദ്യാര്‍ഥി ഇവിടെയെത്തിയത്. എന്നാല്‍, ഈ സ്കൂള്‍ പരീക്ഷ കേന്ദ്രമല്ലായിരുന്നു. തുടര്‍ന്നാണ് നഗരത്തില്‍ പരീക്ഷ നടക്കുന്ന തൈക്കാവ് കേന്ദ്രത്തിലെത്തിയത്. കാര്‍ഡിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിക്ക് ഇവിടെ പരീക്ഷയില്ലെന്നാണ് കണ്ടത്. തുടര്‍ന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം ഒരുമണിക്കൂറോളം വിദ്യാര്‍ഥി പരീക്ഷ എഴുതി. എന്നാല്‍ ബയോമെട്രിക് ആധാര്‍ പരിശോധനാ സമയത്ത് ഇങ്ങനൊരു പേരില്‍ വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് മനസിലായി. ഹാള്‍ടിക്കറ്റ് വ്യാജമായുണ്ടാക്കിയതാണെന്ന് വ്യക്തമായതോടെ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.