കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) ഗുരുവായൂര്‍ ദേവസ്വത്തിലെ 38 തസ്തികകളിലേക്ക് നടത്തുന്ന നേരിട്ടുള്ള നിയമനത്തിന് ഇനിയും അപേക്ഷിക്കാന്‍ അവസരം. (There is still an opportunity to apply for the direct recruitment to 38 posts in the Guruvayur Devaswom by the Kerala Devaswom Recruitment Board (KDRB).) മെയ് 12 അര്‍ധരാത്രി 12 മണി വരെയാണ് സമയപരിധി നീട്ടിയതെന്ന് കെഡിആര്‍ബി സെക്രട്ടറി അറിയിച്ചു. നേരത്തെ ഏപ്രില്‍ 28 വരെയാണ് അപേക്ഷിക്കാന്‍ സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീയതി നീട്ടുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് തീരുമാനമെന്നാണ് സൂചന.
ഇതിനകം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ അയച്ചു കഴിഞ്ഞു. ഇതുവരെ അപേക്ഷിക്കാന്‍ പറ്റാത്തവര്‍ക്ക് സമയപരിധി നീട്ടിയത് ആശ്വാസമായിരിക്കുകയാണ്. എല്ലാ തസ്തികകളിലുമായി നാനൂറിലേറെ ഒഴിവുകള്‍, തരക്കേടില്ലാത്ത ശമ്പളം തുടങ്ങിയവയാണ് പ്രത്യേകത. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പോലും അവസരങ്ങളുണ്ട്.
റൂം ബോയ്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികകളില്‍ നൂറിലേറെ വീതം ഒഴിവുകളുണ്ട്. ഓരോ തസ്തികകളിലെയും ഫീസ് വ്യത്യസ്തമാണെന്ന് ശ്രദ്ധിക്കുക. kdrb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഗുരുവായൂർ ക്ഷേത്രം, ദേവസ്വം ഓഫീസ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയ വിവിധ ഇടങ്ങളിലായാണ് ഒഴിവുകള്‍.
സ്ഥിരപ്പെടുത്തണമെന്ന താല്‍ക്കാലിക ജീവനക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ആ ഒഴിവുകളിലേക്ക് ദേവസ്വം ബോര്‍ഡ് നിയമനടപടികളിലേക്ക് കടന്നത്. എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സേവന വര്‍ഷങ്ങളെ അടിസ്ഥാനമാക്കി ഇന്റര്‍വ്യൂവില്‍ വെയിറ്റേജുണ്ടാകും.
സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ മൂലം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതില്‍ കുറച്ച് കാലതാമസം നേരിട്ടിരുന്നു. റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വേണ്ടി സി-ഡിറ്റാണ് പുതിയ സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയത്. ദേവജാലിക എന്ന പേരിലുള്ള സോഫ്റ്റ്‌വെയര്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ആക്കിയതിന് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.