പൂമരം ബാബു പുൽക്കൂടുകളിൽ ‘പ്രതിഭാശാൻ ‘

Written by Taniniram

Published on:

ജ്യോതിരാജ് തെക്കൂട്ട്

തൃശൂർ: ‘ ലക്ഷ്യത്തിലേക്കുള്ള പാത സ്വയം തിരിച്ചറിഞ്ഞ് പ്രവൃത്തിക്കുന്നവന് വിജയം സുനിശ്ചിതമാണ് ‘ – ബാബു ആശാൻ്റെ കാര്യത്തിൽ ഇക്കാര്യം തീർത്തും അർത്ഥവത്താണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ ‘സ്റ്റാർ പദവി ‘യുള്ള പുൽക്കൂടുകൾ.

കൊടുങ്ങല്ലൂർ കോട്ടപ്പുറം കിഡ്സ് ക്യാമ്പസ് സെക്യൂരിറ്റി ജീവനക്കാരൻ നൊച്ചിക്കാട്ട് ബാബു വെറുമൊരു പുൽക്കൂട് നിർമ്മാതാവല്ല. സാക്ഷാൽ ദൈവം തമ്പുരാൻ പോലും ക്രിസ്തുമസ് രാവിൽ ബാബുവിൻ്റെ പുൽക്കൂട്ടിൽ ഒന്ന് ഉറങ്ങാൻ ആഗ്രഹിച്ചു പോകും. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘പൂമരം ‘ എന്ന ചിത്രത്തിലെ ‘ഞാനും ഞാനുമെന്റെ ആളും” എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം രചിച്ച അതുല്യ പ്രതിഭയായ ബാബു ആശാൻ സാധാരണക്കാരിൽ അസാധാരണക്കാരനാണ് പുൽക്കൂട് നിർമ്മാണത്തിൽ ഒരു ഒന്ന് ഒന്നൊര ‘പുലി ‘.

2013 ൽ ഡിസംബറിലാണ് ബാബു ആശാൻ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വസ്തുക്കളുടെയും മറ്റും നിർമ്മാണ കമ്പനിയായ (കോട്ടപ്പുറം ഇൻ ദ ഗ്രേറ്റ്ഡ് ഡവലപ്പ്മെന്റ് ) കിഡ്സ് ക്യാമ്പസിൽ എത്തിചേരുന്നത്. അന്നവിടെ വിൽപ്പനക്ക് തയ്യാറാക്കി വച്ചിരുന്ന ഇരുമ്പ് ഫ്രെയിമിൽ തീർത്ത്, വൈക്കോൽ അലക്ഷ്യമായി വാരിവിതറി ഒട്ടും ആകർഷകമല്ലാത്ത ഒരു പുൽക്കൂടിൽ അദ്ദേഹത്തിന്റെ കണ്ണ് പതിയുന്നത്.
അവിടെ നിന്ന് തുടങ്ങി ബാബു എന്ന ബാബു ആശാനിലേക്കുള്ള ജീവിതം.

ക്രിസ്മസിന് മണിക്കൂറുകൾ മാത്രം ബാക്കി. വയനാട്ടിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളും വൈക്കോൽ, മുള ഈർക്കലി , തഴപ്പായ , ആണി , ഫെവിക്കോൾ , മാലാഖ, നക്ഷത്രങ്ങൾ എന്നിവയുപയോഗിച്ച് ബാബു ആശാൻ പണിതെടുത്ത മനോഹരമായ ഈടും ഉറപ്പുമുള്ള പുൽക്കൂട് ആരേയും മോഹിപ്പിക്കും. സ്വന്തമാക്കാൻ കൊതിപ്പിക്കും. ഇതിന് ഉദാഹരണമാണ് കിഡ്സിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ രൂപതാമെത്രാൻ ജോസഫ് കാരിക്കശ്ശേരി 2000 രൂപ പാരിതോഷികം നല്കി ബാബു ആശാനെ ആദരിച്ചത്.
വിവിധ ആകൃതിയിലും, ആകാരത്തിലും പണിതെടുത്ത് അലങ്കാര സാമഗ്രികൾക്കൊണ്ട് വിശിഷ്യാ പല ഭാവത്തിലുള്ള പരിശുദ്ധ മാതാവും കണ്ണഞ്ചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള നക്ഷത്രങ്ങളും ഏതൊരാളെയും വിസ്മയിപ്പിക്കും.

ക്രിസ്മസ് എന്നാൽ ഒരാവേശമാണ് ഈ കൊടുങ്ങല്ലൂർക്കാരന് . പരിസരത്ത് ക്രിസ്മസ് വസ്തുക്കൾ വിൽക്കുന്ന കടകളിലെല്ലാം ബാബു ആശാന്റെ പുൽക്കൂടാണ് താരം. സീസണിൽ മുപ്പതോളം പുൽക്കൂടുകൾ വരെ വിറ്റു പോകും. ഇങ്ങനെ കിട്ടുന്ന പണത്തിൽ നിന്നാണ് വലിയൊരു തുക തൻ്റെ അർബുദ രോഗ ചികിൽത്സാക്കായി പോലും അദ്ദേഹം മാറ്റി വയ്ക്കുന്നത്.

Leave a Comment