കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകര്‍ അറസ്റ്റില്‍. യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഷാഹിദ് മുഹമ്മദ് എന്നയാളും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് മൂവരും പിടിയിലായത്.
ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ എക്സൈസ് നടത്തിയ റെയ്ഡിനൊടുവിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. തുടര്‍ന്ന് മൂവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തില്‍ 50 കോടി കടന്ന് വിജയയാത്ര തുടരുന്നതിനിടെയാണ് സംവിധായകന്‍ കഞ്ചാവ് കേസില്‍ പിടിയിലാവുന്നത്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ലൗവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാലയുടെ സഹരചയിതാവ് കൂടിയാണ്.