കോട്ടയം (Kottayam) : തിരുവാതുക്കലിൽ ദമ്പതികളായ വിജയകുമാറിന്റെയും മീരയുടെയും കൊലപാതകത്തിൽ പ്രതി അമിതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന്. (The investigation team has more information about Amit, the accused in the murder of the couple Vijayakumar and Meera in Thiruvathukkal.) മാസങ്ങളോളം അമിതും ഭാര്യയും ദമ്പതികളുടെ വീട്ടിലെ ജോലിക്കാരായിരുന്നെന്ന് പൊലീസ് കണ്ടെത്തി. വിജയകുമാറിന്റെ മൊബൈൽ ഫോൺ അമിത് മോഷ്ടിച്ചതിനെ തുടർന്നുണ്ടായ കേസും പ്രശ്നങ്ങളുമാണ് വ്യക്തിവൈരാഗ്യത്തിനും കൊലപാതകത്തിന് കാരണമായത്.
വിജയകുമാറിന്റെ സ്ഥാപനത്തിൽ പ്രതിയും വീട്ടിൽ ഭാര്യയും മാസങ്ങളോളം ജോലി ചെയ്തു. ഇതിനിടെ അമിത് വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച് രണ്ടേമുക്കാൽ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് വിജയകുമാറിന്റെ പരാതിയിൽ മോഷണക്കേസിൽ പൊലീസ് അമിതിനെ പിടികൂടി. പ്രതി ജയിലിൽ കിടക്കവെ ഭാര്യ പ്രസവിച്ചു. എന്നാൽ ജനിച്ചയുടൻ കുഞ്ഞ് മരിച്ചിരുന്നു. ഭാര്യയെയോ കുഞ്ഞിനെയോ കാണാൻ കഴിയാത്തത് അമിതിന് ദമ്പതികളോടുള്ള പകയ്‌ക്ക് കാരണമായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
പ്രതിയെ കുറിച്ചുള്ള സൂചന അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു. കൊലപാതകം മോഷണത്തിന് വേണ്ടിയല്ല എന്നതും പൊലീസ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് മുമ്പ് വിജയകുമാറിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് അമിത് പിടിയിലായിരുന്നു. ഇത് അമിതിലേക്ക് എത്താൻ പൊലീസിന് സഹായകമായി. പ്രതിയുടെ ചിത്രവും ഫോൺ നമ്പറും പൊലീസിന്റെ കൈവശമുണ്ടായത് അന്വേഷണത്തിന് ആക്കം കൂട്ടി.
ദമ്പതികളുടെ വീട്ടിൽ നിന്ന് ലഭിച്ച റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ടിക്കറ്റും കേസിൽ നിർണായകമായി. അമിത് കുറച്ച് ദിവസങ്ങളായി കോട്ടയത്തുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇടയ്‌ക്ക് സഹോദരനെ വിളിക്കാനായി അമിത് മൊബൈൽ ഫോൺ ഓണാക്കിയതോടെ പൊലീസിന്റെ അന്വേഷണം മാള കേന്ദ്രീകരിച്ച് തിരിഞ്ഞു. കൂടാതെ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ വിവരങ്ങളും ലഭിച്ചു. കൊല്ലപ്പെട്ട മീരയുടെ ഐഫോൺ പ്രതിക്ക് ഓഫാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ പൊലീസിന് പിന്തുടരാൻ സാധിക്കുകയായിരുന്നു.