കൊച്ചി (Kochi) : കാശ്മീർ പഹല്‍ഗാമില്‍ എത്തിയ ഭീകരര്‍ കലിമ ചൊല്ലാന്‍ പറഞ്ഞിരുന്നെന്നും എന്താണെന്ന് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതി. (Aarti, the daughter of Ramachandran, a native of Kochi who was killed in the terrorist attack, said that the terrorists who arrived in Pahalgam asked her to recite the Kalima and she did not understand what they were asking her to do.) കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരതി.
ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളാണ് ആരതിക്ക് പറയാനുള്ളത്. ഇപ്പോഴും താന്‍ ട്രോമയിലാണെന്നും ഓര്‍മയില്‍ വരുന്ന കാര്യങ്ങളാണ് പങ്കുവെക്കുന്നതെന്നും ആരതി പറഞ്ഞു.
ആരതിയുടെ വാക്കുകള്‍ ഇങ്ങനെ: ”ആക്രമണം നടക്കുന്നതിന്റെ തലേദിവസം വൈകുന്നേരമാണ് അവിടെ എത്തിയത്. പഹല്‍ഗാമില്‍ കുറെ റൈഡുകളും മറ്റുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അവരവരുടെ കാര്യങ്ങളിലായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം ആയിരുന്നു. രണ്ടാമത് ഒന്നു കൂടി കേട്ടു. ദൂരെ ആകാശത്തേയ്ക്ക് ഒരാള്‍ വെടിവെക്കുന്നത് കണ്ടു. അപ്പോള്‍ മനസിലായി ഭീകരാക്രമണം ആണെന്ന്. അമ്മ അപ്പോള്‍ കൂടെ ഉണ്ടായിരുന്നില്ല. ഞാനും അച്ഛനുമാണുണ്ടായിരുന്നത്. ഞങ്ങളെ നിലത്തേയ്ക്ക് കിടത്തി. അവിടുന്ന് ഓടി രക്ഷപ്പെട്ട് പുറത്തേയ്ക്ക് എത്തി. ചുറ്റും കാടാണ്. പലരും പല ഭാഗത്തേയ്ക്കാണ് ഓടുന്നത്. അപ്പോള്‍ ഒരു ഭീകരന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. ഓരോരുത്തരോടും എന്താണ് ചോദിക്കുന്നതെന്ന് കേള്‍ക്കാനൊന്നും പറ്റുന്നില്ല. അവര്‍ എന്റെ അച്ഛന്റേയും എന്റേയും അടുത്തേയ്ക്ക് വന്നു. കലിമ എന്ന വാക്കാണ് ചോദിച്ചത്. മനസിലായില്ലെന്ന് ഹിന്ദിയില്‍ തന്നെ മറുപടി പറഞ്ഞു. ഇതൊക്കെ ഒരു 5 സെക്കന്റ് സമയത്തേയ്ക്ക് കഴിഞ്ഞു. അപ്പോള്‍ എന്റെ ഇരട്ടക്കുട്ടികളായ ആണ്‍കുട്ടികള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു അപ്പോള്‍. അവര്‍ അമ്മാ ലെറ്റ്‌സ് മൂവ് എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. അച്ഛന്‍ മരിച്ചുവെന്ന് മനസിലായി. ജീവന്‍ രക്ഷിക്കാനൊന്നും കഴിയില്ലെന്നും മനസിലായി. ഞാന്‍ എന്റെ മക്കളേയും കൂട്ടി ഏതൊക്കെയോ വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിഗ്നല്‍ കിട്ടിത്തുടങ്ങി. അപ്പോള്‍ ഞാന്‍ എന്റെ ഡ്രൈവറെ വിളിച്ചു. ഡ്രൈവര്‍ കശ്മീര്‍ സ്വദേശിയാണ്.”
”7 മിനിറ്റിനുള്ളില്‍ സൈന്യം എത്തി. അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നപ്പോള്‍ എന്റെ തലയിലും തോക്ക് ചൂണ്ടി. എന്റെ മക്കള്‍ കരഞ്ഞപ്പോള്‍ എന്നെ വിട്ടിട്ട് പോയതാവാം. ഞങ്ങള്‍ എത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. പിന്നീട് രാത്രി സൈന്യം എത്തിയപ്പോഴാണ് അച്ഛനെ കാണാന്‍ കഴിഞ്ഞത്. അച്ഛന്‍ മരിച്ചുവെന്ന് ഞാന്‍ തന്നെ സൈന്യത്തോട് പറയുകയായിരുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും എന്റെ സഹോദരന്‍മാരെപ്പോലെയാണ് കൊണ്ടു നടന്നത്. രാത്രി മൂന്ന് മണി വരെ മോര്‍ച്ചറിക്ക് മുന്നിലായിരുന്നു. അവിടെ പോകുന്നതിനും വരുന്നതിനുമൊക്കെ സഹായിച്ചത് അവരാണ് ”, ആരതി പറയുന്നു.
കശ്മീരില്‍ എനിക്ക് രണ്ട് സഹോദരന്‍മാരെ കിട്ടിയെന്നാണ് ഞാന്‍ അവരോട് എയര്‍പോര്‍ട്ടില്‍ വെച്ചും പറഞ്ഞത്. എന്നെ ആ സമയത്ത് കുറെ മീഡിയ വിളിച്ചിരുന്നു. അതൊന്നും ഞാന്‍ എടുത്തിരുന്നില്ല. അമ്മയോട് ആ സമയത്തൊന്നും അച്ഛന്‍ മരിച്ച വിവരം പറഞ്ഞിരുന്നില്ല. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെ ടി വി കണക്ഷന്‍ റിമൂവ് ചെയ്യാന്‍ പറഞ്ഞു. അവിടെ വരുന്ന എല്ലാവരും തന്നെ ആ അവസ്ഥയിലുള്ളവരാണല്ലോ, കൃത്യമായി ഒന്നും ഓര്‍മിച്ചെടുത്ത് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇപ്പോഴും ആ ട്രോമയിലാണുള്ളതെന്നും ആരതി പറഞ്ഞു.