ശ്രീനഗര്‍: രാജ്യത്തിന്റെ ഹൃദയത്തില്‍ മുറിവേറ്റ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സെലിബ്രറ്റികളടക്കം പല പ്രമുഖരും ഭീകരാക്രമണത്തില്‍ ദുഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു
ചിത്രം കൊച്ചിയില്‍ ജോലി ചെയ്യുന്ന നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വലിന്റേത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥന്‍ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാന്‍ഷിയും. ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. ഏപ്രില്‍ 19 നായിരുന്നു റിസപ്ഷന്‍. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്നു. മധുവിധു ആഘോഷിക്കാനുള്ള യാത്രയിലായിരുന്ന വിനയ് കഴിഞ്ഞ ദിവസമാണ് ഹിമാന്‍ഷിയ്ക്കൊപ്പം കശ്മീരിലെത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാന്‍ഷിയുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി. ഹിമാന്‍ഷിയുടെ കണ്‍മുന്നില്‍ ഭീകരര്‍ വിനയിനെ കൊലപ്പെടുത്തി.